ഓപ്പറേഷന്‍ തൂഫാന്‍

September 24, 2026

ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്
ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതിയാണ് "ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ". വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ 2026 ജൂണ്‍ രണ്ടിന് തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.

ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്‍റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനോടൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.

അന്തര്‍ സംസ്ഥാനലഹരി മാഫിയയെ തകര്‍ക്കുന്നതിനായി മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ആലോചിച്ചു സംയുക്ത പദ്ധതികള്‍ ആസൂത്രണം ചെയ്യും. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി കൈമാറാന്‍ ആപ്പുകളും വാട്സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനം സജ്ജമാക്കും. രഹസ്യ വിവരം നല്‍കുന്നവരുടെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തും.

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന തല ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 28/09/2026 തിയതിയില്‍ തൂഫാൻ ഫ്ലാഗ്' ഉയർത്തുന്നു. തുടര്‍ന്ന് തൂഫാന്‍ പ്രതിജ്ഞ, ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനും ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിവിധ ജനകീയ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. റാലി, സൈക്ലിംഗ് റാലി, സ്ട്രീറ്റിംഗ്, തെരുവ് നാടകം, പാവക്കൂത്ത്, ചുവർചിത്രരചന, കഥപറച്ചിൽ, ഫ്ലാഷ് മോബ്, ചിത്രരചനാ മത്സരം, ഗ്രൂപ്പ് ചർച്ച/ഡിബേറ്റ്, കവിതാ പാരായണം, വിദ്യാർത്ഥി-യുവജന കേന്ദ്രീകൃത പരിപാടികൾ, രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു

logo